Tuesday, October 29, 2013

മഴ, പ്രണയത്തിലും ജീവിതത്തിലും

മഴയിൽ കുതിർന്ന ഒരു തണുത്ത പ്രഭാതത്തിലാണ്
ഞാൻ നിന്നെ ആദ്യമായി കണ്ടത് 
ചെമ്പകം പൂക്കുന്ന കുന്നിന്റെ നെറുകയിൽ നിന്റെ കണ്ണുകളിലെ
ആരും കാണാത്ത സാഗരം ഞാൻ കാണുമ്പോഴും
മഴ നമ്മളെ നനയ്ക്കുന്നുണ്ടായിരുന്നു
പുഴക്കടവിലെ കൈതകാട്ടിൽ ഒരു ചുംബനം നാം
പങ്കുവെക്കുമ്പൊഴും മഴ നമുക്കായ് കാവൽ നിന്നിരുന്നു
അഴിഞ്ഞ മുടിയും പാതിമാഞ്ഞ സിന്ദൂരവുമയ്
നീ എന്റെ ശയന മുറിയിൽ നിന്നിറങ്ങി പോകുമ്പോഴും
പറയാത്ത ഒരു നാണവുമയ്  മഴ നമ്മെ കാത്തുനിൽപ്പുണ്ടായിരുന്നു
കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നീ മറ്റൊരാളുടെ
കുടകീഴിൽ ദൂരേക്ക്‌ മായുമ്പോഴും പാടത്തു മഴ കരയുകയായിരുന്നു
നാളെ എന്റെ ചിത എരിയുമ്പോഴും നീ പെയ്യണം
ഓർമയുടെ ബാക്കിപത്രം പോലെ

ഒരിക്കലും പെയ്തൊഴിയാത്ത എന്റെ നൊമ്പരം പോലെ

കാക്കയായ് ഒരു ജന്മം

ഇനിയൊരു ജന്മമുണ്ടെങ്കിൽ
അന്നെനിക്ക് കാക്കയായ് ജനിക്കണം
അഴകുള്ള രൂപമില്ലെങ്കിലും
വർണ്ണ മനോഹരമായ തൂവലുകളില്ലെങ്കിലും
മധുരമായ ശബ്ദം ഇല്ലെങ്കിലും
ഒന്നും സാരമില്ല
ചിറകറ്റു വീണുപോയാൽ
ചുറ്റും കൂടി കരയാൻ
കുറെ സുഹൃത്തുക്കള കാണുമല്ലോ?

Monday, October 28, 2013

എന്റെ മൌനത്തിന്റെ അർഥം

എന്റെ മൌനത്തിന്റെ അർഥം
ഒരിക്കലും നീ അറിഞ്ഞിരുന്നില്ല
നിനക്കായ്‌ ഞാൻ കരുതിയ മയിൽ‌പീലി പോലെ
എന്റെ മൌനം ഒരിക്കലും
നിന്നോടുള്ള ദേഷ്യം ആയിരുന്നില്ല
നിന്നെ നഷ്ടപെട്ടതിന്റെ വേദനയായിരുന്നു

നിനക്കായ്‌ കുറിക്കുമീ കവിത

എവിടെ നിന്നാദ്യമായ് കണ്ടതാണീ മുഖം
വെയിലിൽ തിളങ്ങും മഴവില്ല് പോൽ
അന്ന് ഞാൻ കണ്ട പ്രണയ സ്വപ്നത്തിലെ
നായിക ഇവളെന്നോർത്ത് പോയ്‌ ഞാൻ

ഒറ്റയ്ക്ക് രാത്രിയിൽ ഇരുട്ടിനെ നോക്കുമ്പോൾ
അറിയുന്നു ഞാൻ ഇവിടെ ഒറ്റയ്ക്കിരിപ്പാണ്
കൂട്ടിനു നീയില്ല നിന്നൊർമയുമില്ല
എഴുതി തുടങ്ങാത്ത കവിത മാത്രം

മഴ പെയ്തു രാത്രികൾ ഈറനാവുമ്പോൾ
ഞാൻ അറിയുന്നു പെയ്യ്തു
തീരുന്നതെൻ കണ്ണീരു തന്നെയെന്നു
പറയാതെ പോയ നീ അറിയാതെ പോയ
ഞാൻ നിനക്കായ്‌ കുറിക്കുമീ കവിതയാണെന്ന് 

Thursday, October 24, 2013

ഒരു പ്രവാസിയുടെ അവധിക്കാലം

മൌനത്തിന്റെ വാല്മീകം ഉടച്ചു
എനിക്ക് സ്നേഹത്തിന്റെ വെയിലിൽ കുളിക്കണം
സൂര്യരശ്മികളിൽ എന്റെ വ്യഥകൾ ഉരുകി ഇല്ലാതെയാവണം
സ്നേഹ മഴയിൽ നനഞ്ഞു വിറക്കണം
സൌഹൃദത്തിന്റെ ഓണം ഉണ്ണണം
അടുത്ത മഞ്ഞു പെയ്യും മുൻപേ
വീണ്ടും മടങ്ങണം
ഏകാന്തമൌനത്തിന്റെ വാല്മീകത്തിലേക്കു

Monday, October 21, 2013

ഒരു ആത്മഹത്യ കുറിപ്പ്

ജീവിത കളിയരങ്ങിൽ ഞാൻ കെട്ടിയാടിയ
എല്ലാ വേഷങ്ങളും മോശമായിരുന്നു
എല്ലാവരും നോക്കി ചിരിക്കുന്ന
അരങ്ങിലെ കോമാളിയായ കളിക്കാരൻ
ആരുടെയെങ്കിലും ആവശ്യങ്ങൾക്ക് മാത്രം
സ്നേഹിക്കപെടുന്ന ഒരു വെറും സുഹൃത്ത്‌
നോക്കി ചിരിച്ചവർക്കും,
കളിയാക്കി കരയിച്ചവര്ക്കും വിട
അഴിക്കുകയാണ് ഞാൻ അരങ്ങിലെ
ഈ പേരറിയാത്ത വേഷം
ആരും സ്നേഹിചിട്ടില്ലാത്ത ,
ആരെയേം മോഹിപ്പിചിട്ടിലാത്ത
ഈ പേരറിയാത്ത വേഷം
ഈ അക്ഷരങ്ങളിൽ ഞാൻ എന്നെ മറക്കുകയാണ്
നാളെയും പുലരികൾ ഉണ്ടാവും
പക്ഷെ..
നാളെയും പൂക്കൾ വിരിയും
പക്ഷെ..
ഓർമകളിൽ മാത്രം ഇനി ഞാൻ
ഒരു പരിഹാസത്തിന്റെ ഓർമയായ്‌

Thursday, October 17, 2013

മറവിയായ് മാറാതെ

ഓർമ്മകൾ എരിയുന്ന കനലായ്,കവിതയായ്
കരിപുരളുമീ എന്റെ ജീവിതപാതയിൽ
ചിറകറ്റു വീണോരെൻ പ്രണയത്തിൻ പറവകൾ
നീല വാനം നോക്കി മോഹിച്ചിരിക്കുന്നു


അന്ന് നാം പ്രണയിച്ച സായം സന്ധ്യകളിൽ
നിലാവ് പെയ്യുന്ന ഡിസംബർ രാത്രികളിൽ
അറിയുന്നുവോ നീ അകലെ ആണെങ്കിലും
പ്രണയം ഒരു നിമിഷത്തിന്റെ സുഗമായിരുന്നെങ്കിൽ
ഈ വിരഹം ഒരു ജീവിതത്തിന്റെ വേദനയാണെന്ന്

എന്നെ മറവിയായ് ദൂരത്തു നിർത്തുവാൻ
നീ പറഞ്ഞത് ഒരുപാടു വാക്കുകൾ
നിന്നെ ഓർമ്മിക്കാൻ നീ എനിക്ക് തന്ന
ഒരു വാക്ക് പിന്നെയും ബാക്കിയുണ്ട്
"ഒന്നാവുവാൻ നമുക്കായില്ല എങ്കിൽ
ഈ ജീവിതം നമുക്കൊനായ് മറന്നിടാം
അകലെ ആകാശ ഗംഗയിൽ രണ്ടു
പ്രണയ നക്ഷത്രങ്ങളായ് പുനർജനിക്കം"
ഒടുവിലിന്നിവിടെ ഈ മറവിയുടെ തീരത്ത്
പുനർജനി തേടുന്നത് ഞാൻ മാത്രം

Wednesday, October 16, 2013

എന്നരികിൽ നീ ഇരിക്കുമ്പോൾ

വിരൽ തൊടുമ്പോൾ അറിയാതെ
നീ പൂത്തുലയാറുണ്ട്
വസന്തം തഴുകിയ താഴ്വാരം പോലെ
നിന്റെ കവിളുകൾ പനിനീർ ദളങ്ങൾ  ആവാറുണ്ട്
ഞാൻ നിന്റെ മാറിൽ തല ചായ്ക്കുമ്പോൾ
മഴ പോലെ നീ പെയ്തോഴിയരുണ്ട്
ഒരു പിണക്കം നാം മറക്കുമ്പോൾ
വേനൽ പോലെ നീ എരിയാറുണ്ട്
നാം പിണങ്ങുന്ന നിമിഷങ്ങളിൽ
കാറ്റു പോലെ തെന്നി മാറി നീ ദൂരേക്ക് പോവാറുണ്ട്
എന്റെ കുസൃതികളിൽ നിന്നും നീ 
എന്നിട്ടന്തേ ഇന്നു ഒരു മഞ്ഞുകാലം പോലെ
നിർവികാരയായി ഇന്നു നീയിരിക്കുന്നു
ഒരുവാക്കും മിണ്ടാതെ?

എന്നെ ഒന്ന് നോക്കാതെ ?