Friday, November 29, 2013

ബാല്യമേ ..




പകലുകളുടെ ഇടവേളകളിൽ
ഞാൻ കണ്ട പകൽ കിനാക്കൾ
എല്ലാം എന്റെ ബാല്യത്തെ
പറ്റി മാത്രമായിരുന്നു
ഓർമകളിൽ മാത്രം ജീവിക്കുന്ന
സ്വപ്നങ്ങളിൽ മാത്രം വരുന്ന
ബാല്യമേ ..
വളരെണ്ടായിരുന്നു
നിഷ്കളങ്കതയുടെ ആ ലോകത്തുനിന്നും 

കൂടും തേടി



ഇനിയും വരാനിരിക്കുന്ന പുലരികളിൽ
ഇനിയും വിരിയാനിരിക്കുന്ന പൂമൊട്ടുകളിൽ
കാലം ഉറങ്ങുമ്പോൾ
അണമുറിയാതെ പെയ്യുന്ന
സങ്കടങ്ങളുടെ ഈ മാരിമഴയിൽ
ഞാൻ തിരയുകയാണ്
എന്റെ പൂമരകൊമ്പിലെ കൂട്
ഞാൻ എന്നും മോഹിച്ച
സ്വപ്നത്തിന്റെ കൂട് 

Thursday, November 28, 2013

സാക്ഷി

നീ പറയുന്നു നിനക്ക് എന്നെ
അറിയുകയേ ഇല്ലെന്നു
നിന്റെ പ്രണയലേഖനങ്ങൾ പറയുമോ
എന്നെ അറിയില്ല എന്ന് ?
നാം എന്നും കാണാറുള്ള ഇടനാഴികൾ പറയുമോ
എന്നെ അറിയില്ല എന്ന് ?
നിന്റെ ചുംബനത്തിൽ ഞാൻ മയങ്ങിയ സന്ധ്യകൾ പറയുമോ
എന്നെ അറിയില്ല എന്ന് ?
നീ നിന്നെ എനിക്ക് തന്ന ആ രാത്രി പറയുമോ
എന്നെ അറിയില്ല എന്ന് ?
എന്തായാലും ഈ അക്ഷരങ്ങൾ പറയില്ല
ഞാനും നീയും അപരിചിതരെന്നു

അറവുകാരൻ



മരണത്തിനു ഒരു നിമിഷം
മുൻപേ കോഴി
അറവുകാരന്റെ കണ്ണിലേക്കു നോക്കി
ദയയുടെ ശേഷിക്കുന്ന കണികകളിൽ
ഒരു ജീവിതം ഉണ്ടോ എന്നറിയാൻ
പക്ഷെ അറവുകാരൻ കോഴിയുടെ
കണ്ണിലേക്കു നോക്കിയതേയില്ല
അയാളുടെ മുന്നില് വിശക്കുന്ന
മക്കളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ
മാത്രമേ ഉണ്ടായിരുന്നുള്ളൂ

Tuesday, November 26, 2013

സ്നേഹം

പ്രാണന്റെ ജലം തേടി
വേരുകൾ സഞ്ചരിക്കുമ്പോൾ
ഇലയിലെ ഹരിതകം മാഞ്ഞു
അവ പൊഴിഞ്ഞു പോവുമ്പോൾ
ചില്ലകളിലെ കൂട്ടിലെ കിളികുഞ്ഞിനു വേണ്ടി
മരം ഒരില പൊഴിക്കാതെ കാത്തുവച്ചു
സൂര്യ താപത്തിൽ നിന്നും
കിളിക്കുഞ്ഞിന് തണലേകാൻ
വരൾച്ചയുടെ വറുതിയിൽ
മരം ഉണങ്ങി വീഴുമ്പോഴും
ആ ഒരില പൊഴിഞ്ഞിരുന്നില്ല
ആ ഇലയെ ഞാൻ
സ്നേഹം എന്ന് വിളിക്കും

The Last Kiss



നിശബ്ധത നിറഞ്ഞു നില്ക്കുന്ന
താഴ്വരങ്ങളിലെ ഇരുട്ടിൽ
ശലഭചിറകുകൾ കൊഴിഞ്ഞു
പോകുന്ന സായന്തനത്തിൽ
വാടിവീഴറായ ആ പൂവിനെ
മരച്ചില്ലകൾക്കിടയിലൂടെ  കടന്നുവന്ന
സൂര്യകിരണങ്ങൾ അവസാനമായ്
സ്നേഹാർദ്രമായ് ചുംബിക്കുകയാവം

പുഴയിലെ പാഴില




ഒഴുക്കിന്റെ വേഗമറിയാൻ
പുഴയുടെ കുളിരറിയാൻ
പുഴയിൽ വീണ പാഴില
അഴിമുഖങ്ങളിലെ ചുഴികളിൽ
മരണത്തിന്റെ മാസ്മരികതയെ
പുണരുകയാവാം

കൽപടവുകളിലെ കാല്പാടുകൾ



കാലം നടന്നു മറഞ്ഞ
മനസ്സിന്റെ കൽപടവുകളിൽ
നിന്റെ കാല്പാടുകൾ ഇപ്പോഴും
ശേഷിക്കുന്നു എങ്കിൽ
അതിന്റെ അർഥം
നിനക്ക് ശേഷം ആരും
ആ പടികൾ കയറിപോയിട്ടില്ല എന്നല്ലേ?

നിശാപുഷ്പങ്ങൾ





രാത്രി വിരിയുന്ന പൂക്കൾക്ക്
എല്ലാം വെളുത്ത നിറം ആണ്
എന്തേ  ഇവയെല്ലാം വെളുത്ത
നിറത്തിൽ മാത്രം പൂക്കുന്നു?
പകലിന്റെ വിധവകൾ ആയതിനാൽ ആണോ?
അതോ രാത്രിയുടെ മാലാഖമാരയതിനാലോ?

കാത്തിരിപ്പ്‌




നിലാവിന്റെ വരവും നോക്കി
വിരിയാൻ കാത്തിരുന്ന പാവം ആമ്പലിന്
അറിയില്ലായിരുന്നു അതൊരു
അമാവാസി രാത്രി ആയിരുന്നെന്നു

Sunday, November 24, 2013

മുഖാമുഖം


മരണത്തിലേക്ക് ഒരു കുരുക്കിന്റെ ദൂരം
മാത്രം ശേഷിച്ച വേളയിൽ
ആ കയറിന്റെ തുമ്പിൽ നിന്നും
ഒരു ജീവിതം എന്നെ നോക്കി ചിരിക്കുന്നു
ആത്മഹത്യയിൽ നിന്നും
ഞാൻ ഒളിച്ചോടുന്നു
ഒരു ഭീരുവിനെ പോലെ വീണ്ടും
ജീവിതത്തെ പറ്റി ചിന്തിക്കുന്നു 

രക്ത സാക്ഷികൾ സിന്ദാബാദ്‌

പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ
എരിഞ്ഞടങ്ങുന്നത് എന്നേക്കുമായ്
അവസാനിക്കുവനല്ല പകരം
നാളെ വീണ്ടും ഉദിച്ചുയരാൻ ആണ്
അവർ ആ പോർമുഖങ്ങളിൽ
രക്തസാക്ഷികൾ ആയതു അവസാനമല്ല
ഇനിയും പിറക്കാനിരിക്കുന്ന ആയിരം
പോരാട്ടങ്ങൾക്ക്‌ കരുത്തു നൽകുവാനാണ്
അപരാജിതരായി ഇവിടെ പൊരുതിയ
തലമുറ എഴുതിയ മന്ത്രം
മാനവ മോചന രണാങ്കണങ്ങളിൽ
കാറ്റായ് മാറിയ മന്ത്രം
"ഇങ്കുലാബ് സിന്ദാബാദ്‌
രക്ത സാക്ഷികൾ സിന്ദാബാദ്‌"

Thursday, November 21, 2013

ഒരു തെറ്റിന്റെ ഓർമയ്ക്ക്




ചില വാക്കുകൾ ഉണ്ട്
ഹൃദയത്തെ മുറിവേൽപ്പിക്കുന്നവ
കാലം എത്ര കഴിഞ്ഞാലും
മഴയും വെയിലും അതിജീവിക്കുന്നവ
ഒരിക്കലും മുനയുടെ മൂർച്ച പോവാത്ത
ഇപ്പോഴും മുറിവേൽപ്പിക്കുന്ന വാക്കുകൾ 

Monday, November 18, 2013

പറയാത്ത പ്രണയം




എന്റെ ഹൃദയത്തിൽ പിറന്നു
എന്റെ ഹൃദയത്തിൽ മാത്രം ജീവിച്ചു
എന്റെ ഹൃദയത്തിൽ തന്നെ മരിക്കാൻ
മാത്രമാണല്ലോ പ്രണയമേ നിനക്ക് വിധി

ഏകാകി

ഇവിടെ ഉറങ്ങട്ടെ ഞാനും എൻ ഓർമയും
ഈ മരുഭൂവിലെ കാറ്റും
ഇലകളെല്ലാം പൊഴിഞ്ഞു ഒഴിഞ്ഞു തീർന്നോരീ
ഓക്ക് മരത്തിന്റെ ചോട്ടിൽ

അറിഞ്ഞില്ല നീ നിന്നെ ഇത്രമേൽ സ്നേഹിച്ച
കളികൂടുകാരനെ തോഴി
തന്നില്ല ആരും ഇത്തിരി സ്നേഹമാം
മഞ്ഞമന്ദാരത്തിൻ പൂക്കൾ

എവിടെ നിന്നോ വന്നു ഈ മരച്ചില്ലയിൽ
കൂട് വച്ചവർ നമ്മൾ
പിരിഞ്ഞു പോകുമ്പോൾ കൂട്ടില്ലാത്തവൻ
ഏകാകിയായ് ഞാൻ എന്നും

Sunday, November 17, 2013

ജീവിക്കുവാനാണ് പേടി


മരിക്കുന്നതിനു എനിക്ക് ഭയമില്ല

ഇങ്ങനെ ജീവിക്കുവാനാണ് പേടി

അടുത്ത നിമിഷം എന്താവും എന്നറിയാതെ

ശ്വാസമടക്കി ജീവിക്കുന്നതാണ് കഷ്ടം

സ്വപ്നങ്ങളെ തേടി





ഒരുപാടു നാൾ ഞാൻ
ഈ മീനവെയിലിന്റെ ചൂടേറ്റു
ഒരിത്തിരി ചാറ്റൽ മഴനനയാൻ
ഒടുവിൽ പെയ്തപ്പോൾ
കനത്ത കർക്കിട മഴ
ഒലിച്ചുപോയി മഴയിൽ
ഞാനും എന്റെ സ്വപ്നങ്ങളും

Thursday, November 14, 2013

ദൈവമേ ..

ദൈവമേ ..
എത്ര ആരാധനാലയങ്ങളിൽ
നിന്നെ അവർ കുടിയിരുത്തുന്നു
എത്ര പ്രാർത്ഥനകളിൽ അവർ
നിന്നെ കുറിച്ച് വാചാലരാവുന്നു
നിനക്ക് വേണ്ടി കൊല്ലുന്നു
നിനക്ക് വേണ്ടി മരിക്കുന്നു
ആരും അറിയുന്നില്ല നിന്റെ
രൂപം സ്നേഹമാണെന്ന്
നിന്നിലേക്കുള്ള പാത
സമാധാനതിന്റെതാണ് എന്ന് 

Sunday, November 10, 2013

ഒരു നുറുങ്ങു സത്യം



കാലം തെറ്റി പെയ്ത മഴ
ജ്വരമായ്   പടർന്നപ്പോൾ
അത് ഡോക്ടര്മാരെ സഹായിച്ചു
മരുന്ന് കടക്കാരന് നല്ലകാലം സമ്മാനിച്ചു
പാവം കൂടില്ലാത്ത കിളിയും
പാടത്തു സ്വപ്നത്തിന്റെ വിത്തെറിഞ്ഞ
കർഷകനെയും മാത്രം ചതിച്ചു   

Wednesday, November 6, 2013

പവിഴമല്ലി പൂവ്

നീ പാരിജാതത്തെ കണ്ടിട്ടുണ്ടോ?
വെളുത്ത ഒരു കുഞ്ഞു പൂവ്
ഹൃദയത്തിൽ മാത്രം ചുവപ്പ് സൂക്ഷിക്കുന്ന,
സന്ധ്യക്ക്‌ മാത്രം വിരിയുന്ന
സുഗന്ധം പരത്തുന്ന പൂവ്
സത്യഭാമക്ക് വേണ്ടി കൃഷ്ണൻ
ദേവലോകത്ത്‌ നിന്നും കൊണ്ട് വന്ന പൂവ്
പണ്ട് അതിന്റെ നിറം ചുവപ്പായിരുന്നുവത്രേ
പിന്നെന്നോ കൃഷ്ണൻ സത്യഭാമയെ മറന്നപ്പോൾ
അതിന്റെ ചുവന്ന നിറം
ആ പൂവിന്റെ ഹൃദയത്തിൽ മാത്രം ഒതുങ്ങിപോയി
ഓരോ പവിഴമല്ലി പൂവും
സത്യഭാമയുടെ ഓർമകളാണ് 

ഒരു ക്ഷമാപണം

എന്റെ ഭാഷ മരണശയ്യയിൽ
ഒരിറ്റു കനിവിനു വേണ്ടി കേഴുമ്പോൾ
ഞാൻ അന്യഭാഷയുടെ വിരുന്നു മുറിയിൽ
വീഞ്ഞ് കുടിക്കുകയായിരുന്നു
ഒടുവിൽ മദ്യസൽക്കാരം കഴിഞ്ഞു
കാലുകൾ വേച്ചു വേച്ചു മടങ്ങിയെത്തിയപ്പോൾ
എന്റെ ഭാഷ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
ഒന്നിനും കൊള്ളാത്ത ഈ മകനെ നോക്കി
കാലമേ നീ ഒരു ശരശയ്യ തീർക്കുക
എന്റെ ശിക്ഷ നടപ്പിലാക്കാൻ
കാലമേ നീയെന്നെ തൂക്കിലേറ്റുക
അന്യഭാഷയെ സ്നേഹിച്ചതിനല്ല
എന്റെ ഭാഷയെ മറന്നതിന് 

Monday, November 4, 2013

ഇതെന്റെ മനസ്സാണ്

നിസ്സഹായതയുടെ മഞ്ഞ വെയിലിൽ
മൂടി നില്ക്കുന്ന സായന്തനം
ആളൊഴിഞ്ഞ കടൽത്തീരം
ചിതറി വീണുകിടക്കുന്ന കടലാസ് കഷ്ണങ്ങൾ
പറഞ്ഞു തീരാത്ത വാക്കുകൾ പോലെ പിന്നെയും
തീരത്തെ തേടിയെത്തുന്ന ഓർമകളാവും തിരമാലകൾ
ഇതെന്റെ മനസ്സാണ്
പ്രണയത്തിന്റെ,ഉന്മാദത്തിന്റെ,സ്വപ്നത്തിന്റെ
അലയടങ്ങിയ എന്റെ മനസ്സ്
പ്രണയത്തിന്റെ വസന്തവും കഴിഞ്ഞു
വിരഹത്തിന്റെ ശൈത്യതിലേക്ക് നടക്കുന്ന മനസ്സ്
വീണുടഞ്ഞു പോയ ദർപണം പോലെ
വിധിയുടെ ശരശയ്യയിൽ മരണത്തെ
മാത്രം മോഹിക്കുന്ന മനസ്സ് 

പുഴപോലെ.....

ഏതോ ഹിമസാനുക്കളിൽ പിറന്നു
നീരുറവയായ്,നദിയായ്,പുഴയായ് ഒഴുകി
മരണമെന്ന കടലിലേക്ക്‌
അവസാനിക്കുകയാണ് നാം
ആരുടെയൊക്കയോ സ്വപ്നങ്ങളായ്
ആരുടെയൊക്കയോ മോഹങ്ങളായ്
ആർകൊക്കയൊ ചിരിയായ്
ആർകൊക്കയൊ കണ്ണുനീരായ്
തട്ടിയും തടഞ്ഞും,
ചിരിച്ചും കരഞ്ഞും ,
ചിലമ്പിയും കലമ്പിയും
ഒഴുകി ഒഴുകി ഇല്ലതെയവുകയാണ് നാം
ഓരോ ജീവിതവും ഒരു പുഴയാണ്
മരണമെന്ന കടലിലേക്കുള്ള പ്രയാണമാണ്