Sunday, December 28, 2014

നല്ല നാളെക്കായ്‌






ഒഴുകി പടരുന്ന രക്തത്തിൽ ചവിട്ടി 
യുദ്ധകാഹളം മുഴക്കുന്നവർ 
ഒരിക്കലെങ്കിലും 
വിശപ്പു അറിഞ്ഞിരുവെങ്കിൽ 
നാളത്തെ ലോകം 
ഒരു പൂങ്കാവനം ആയേനെ


Saturday, December 27, 2014

ഒരു സ്വയം നവീകരണം

തിര നിറച്ച തോക്കുമായ് ഞാൻ
ശത്രുവിനെ കൊല്ലാനിറങ്ങി
പല മുഖങ്ങളും ഞാൻ തേടി
ചതിച്ചവർ,പരാജയപെടുതിയവർ
വഴിതെറ്റിച്ചവർ,അവസാനം
കണ്ണാടിയിലേക്ക് നിറയൊഴിച്ചു
ഞാൻ എന്റെ ശത്രുക്കളെ കൊല്ലാൻ
എന്റെ ദുരാഗ്രഹതെയും,
എന്നിലെ ചെകുത്താനെയും 

ഒരു കാലത്തിന്റെ ഓര്മയ്ക്ക്

മഴ പെയ്തു തോർന്ന ഈ സന്ധ്യയിൽ
നാം എന്തിനാണ് സഖീ ഈ വാകമരചോട്ടിൽ
മൌനത്തിന്റെ കയ്പും സഹിച്ചു
പരസ്പരം നോക്കാതിരിക്കുന്നത്

കൊഴിഞ്ഞു വീണ ഈ പൂക്കൾ പോലെ
നിശ്ചലം നമ്മുടെ പ്രണയം
ആരുടെയെങ്കിലും ഹൃദയങ്ങളിൽ
വീണ്ടും പുനർജനിക്കട്ടെ

പിന്തിരിഞ്ഞു നോക്കാതെ
നീ നടന്നകന്നു കൊള്ളുക
ഈ വാടിയ പൂക്കളെ ഒരല്പനേരം
നോക്കി ഞാനും മടങ്ങാം 

Wednesday, November 12, 2014

ഒരു മരണ വിലാപം







അത് എന്റെ ജീവനാം മരത്തിന്റെ  വേരുകൾ
കാർന്നു തിന്നു തീരുന്നതിനു മുൻപ്
വേരറ്റു ഞാൻ നിലതെറ്റി വീണു പോകും മുൻപ്
മരണമേ വരിക നീ നിന്റെ മഴുവിനാൽ
നീ എന്റെ പ്രാണനെ മുറിച്ചെടുക്കുക
ബാക്കിയാകും ഇലകളും പൂക്കളും
എന്റെ സ്വപ്നങ്ങളും ഇനി
മണ്ണിനോട് ചേരട്ടെ 

Wednesday, November 5, 2014

ഞാൻ

നിറം കെട്ടു പോയ ഒരു ജന്മം ആണ് എന്റേത്
കാക്കയെ പോലെ ഒരു ജന്മം
പാടാനറിയാതെ പാടാൻ ശ്രമിച്ചു
ആടാൻ അറിയാതെ ആടാൻ ശ്രമിച്ചു
നിറമുള്ള തൂവലുകൾ ഇല്ലാത്ത
ആര്ക്കും പ്രിയമല്ലാത്ത ഒരു ജന്മം
ജീവിതത്തിന്റെ മലിനമായ നദിക്കരയിൽ
ഇന്നും കാതോർത്തിരിക്കുന്നു
ആരെങ്കിലും ഒരല്പം ബലിചോറുമായെങ്കിലും
കൈമുട്ടി വിളിക്കുന്നതും കാത്തു

Tuesday, August 12, 2014

ദൈവത്തിന്റെ കൈയ്യബദ്ധം

പ്രണയം എന്താണെന്നറിയാൻ
പ്രകൃതിയിലേക്ക് നോക്കണം
കിളിക്കുഞ്ഞിനെ സംരക്ഷിക്കുന്ന
മരത്തിന്റെ സ്നേഹം
പൂമ്പാറ്റക്ക് തേൻ നല്കുന്ന
പൂവിന്റെ സ്നേഹം
മുലയൂട്ടുന്ന പശുവിന്റെ
മാതൃസ്നേഹം
ചിറകിനടിയിൽ കുഞ്ഞിനെ
ഒളിപ്പിക്കുന്ന കോഴിയുടെ സ്നേഹം
പ്രാപിക്കുവാൻ മാത്രം പ്രണയിക്കുന്ന
അന്യന്റെ വേദനയിൽ സന്തോഷം കാണുന്ന
മനുഷ്യൻ ദൈവത്തിനു പിണഞ്ഞ
കൈയ്യബദ്ധം തന്നെ 

Sunday, July 13, 2014

ഒരു തിരിച്ചറിവിൻറെ ഓർമയ്ക്ക്






എനിക്ക് മുൻപേ മറ്റാരോ
അവൾക്കു വിരഹം സമ്മാനിച്ചു
പതിരില്ലാത്ത എന്റെ പ്രണയത്തെ
അവൾ കാപട്യം എന്ന് വിളിക്കുന്നു

Thursday, July 10, 2014

ഒരു നാഗരികന്റെ സ്വപ്നം

പുനർജ്ജന്മം ഉണ്ടെങ്കിൽ പ്രിയേ
നമുക്ക് ദേശാടനകിളികൾ ആവണം
മഞ്ഞും മഴയും വെയിലുമെറ്റു
വൻകരകൾ താണ്ടി പറക്കണം
ഹിമാശൈലങ്ങളിലെ തണുപ്പ് അറിയണം
വസന്തത്തിന്റെ സുഗന്ധം നുകരണം
എന്നിട്ട് പൂക്കൾ നിറഞ്ഞ ഒരു താഴ്വരയിൽ
കിടന്നു മരിക്കണം
എനിക്ക് ഇനി വയ്യ
ഈ ഒറ്റമുറിയിൽ ചുവരിനോട് കഥ പറയാൻ
ഈ തിരക്കിൽ ഒറ്റ  പെട്ട് പോകാൻ
പുകച്ചുരുളുകളിൽ എങ്ങനെ
സ്വയം ഹോമിക്കാൻ 

Wednesday, July 2, 2014

സത്യത്തിന്റെ പുനർജ്ജന്മം




ഇന്നലകളുടെ നിലപാട് തറകളിൽ
ബലി കഴിച്ച സത്യങ്ങൾ
ഇന്നിന്റെ ശരികൾ ആയി  പുനര്ജനിചിരിക്കുന്നു
ഇനി അവ നാളെയുടെ വഴികാട്ടികൾ ആവും
നാശത്തിന്റെ വഴികാട്ടികൾ 

Monday, June 30, 2014

ജീവിത വിജയത്തിലേക്ക് ഒരു സൂത്രവാക്യം





ജീവിത വിജയത്തിലേക്ക് ഒരു സൂത്രവാക്യം
നിന്നിൽ നീ കാണുന്ന  കുറവുകൾ
നീ തന്നെ നികത്തണം
കുഴിനിറഞ്ഞ മണൽതിട്ടയിലൂടെ
പുഴ ഒഴുകി പരക്കുന്ന പോലെ 

Wednesday, April 23, 2014

ഒരു ചെറിയ സത്യം





ഘടികാര സൂചിയുടെ ഓരോ ചലനത്തിനപ്പുറവും
മരണത്തിന്റെ കെണിയാണ്‌
കെണിയിൽ പെടാതെ പോകുന്ന
ഓരോ നിമിഷവും ജീവിതവും

Monday, April 21, 2014

കരയിലെ വിളക്ക് മാടം തേടി

തമസ്സിന്റെ മാറ് പിളന്നു
കടന്നു പോയ മിന്ന പോലെ
എന്റെ മനസ്സ് തകത്തു
കടന്നു പോയ പ്രണയമേ
നീ തന്ന കാമേഘങ്ങ
പിന്നെയും പിന്നെയും 
എന്നിൽ പേമാരി തീക്കുന്നു

നിലാവിന്റെ പുതപ്പിട്ട രാത്രികളി

Sunday, April 13, 2014

ആശങ്കകൾ


പ്രണയം വീഞ്ഞാണ് 
എന്നാരോ പറഞ്ഞു 
കാലം പഴകും തോറും 
വീര്യം കൂടുന്ന വീഞ്ഞ് 

എന്നിട്ടും നീ വന്നില്ല 
ഈ ലഹരിനുകാരൻ 
ഈ ലഹരിയിൽ 
സ്വയം മറന്നുറങ്ങാൻ

നിന്റെ ഓർമകളിൽ ഞാൻ 
ചിതലരിക്കപ്പെടും മുൻപേ 
മൌനത്തിന്റെ ആറടി കുഴിയിൽ 
കാലം എന്നെ പുഴുവരിപ്പിക്കുമോ?

Thursday, April 10, 2014

അണഞ്ഞു പോകും മുൻപേ




ജീവന്റെ അവസാന തുടിപ്പുകളും നിലച്ചു 
പ്രാണൻ എന്റെ സിരകളെ വിട്ടോഴിയുമ്പോൾ
ശുഷ്കിച്ചു പോയ എന്റെ വിരലുകളിൽ
വിരൽ ചേർത്ത്
നീ എനിക്കൊരു ചുംബനം നല്കണം
ഈ ഗഗന സീമയിൽ എവിടെയെങ്കിലും
ഞാൻ ഒരു നക്ഷത്രമായ് പുനർജനിക്കുമെങ്കിൽ
നമ്മുടെ പ്രണയത്തിന്റെ അനശ്വരതയെ
പ്രകാശമാക്കി മാറ്റാൻ
നീ എനിക്കൊരു ചുംബനം നല്കണം

Thursday, April 3, 2014

ഉണങ്ങാത്ത വിഷവൃക്ഷം



പിഴുതെറിഞ്ഞിട്ടു പിന്നെയും 
പടരുകയാണ് നീ ഹൃദയത്തിൽ 
വേരറുത്തിട്ട് പിന്നെയും 
വളരുകയാണ് നീ എന്നിൽ
എന്ത് വിളിക്കണം നിന്നെ ഞാൻ
മീന മാസത്തിലെ സൂര്യനോ ?
നിന്നെ ഒരിക്കൽ ഹൃദയത്തോട്
ചേർത്തു പോയെന്ന തെറ്റിന്
എന്തിനിങ്ങനെ എന്നുമേ
എന്നെ കൊന്നിടുന്നു നീ പ്രണയമേ

ഒരു അനാഥന്റെ ഓർമയ്ക്ക്




സ്വയം കത്തി എരിയുവാൻ
മോഹിച്ച സൂര്യനെ ആരോക്കയോ
കടലിൽ മുക്കി കൊല്ലുന്നു
മനം മടുത്ത ചന്ദ്രൻ
നിരാശയുടെ തമോഗർത്തങ്ങളിൽ
ആത്മഹത്യ ചെയ്യുന്നു
പിന്നെയും ജഡം പോലെ
ജീവിതം ബാക്കി
---------------------------------------------
സൂര്യൻ - എന്റെ ജീവിതം
ചന്ദ്രൻ - എന്റെ പ്രണയം 

Monday, March 31, 2014

ചിരിക്കാൻ മറന്ന വിഷകന്യകയോട്





കടലിന്റെ നീലിമയെ
നീ നിന്റെ കണ്ണിൽ ഒളിപ്പിച്ചു
ഗഗനതിന്റെ അരുണിമയെ
നീ നിന്റെ കവിളിൽ ചാലിച്ചു
പാലപൂവിന്റെ സുഗന്ധത്തെ
നീ നിന്റെ ചുരുൾ മുടിയിൽ അലിയിച്ചു
എനിക്കറിയില്ല
ഏതു അമാവാസി രാത്രിയെ ആണ് നീ
നിന്റെ ഹൃദയത്തിൽ ആവാഹിച്ചതു  എന്ന് 

ഞാൻ എന്നെ അറിയുമ്പോൾ




നിനക്ക് മുൻപും നിനക്ക് ശേഷവും
ഇവിടെ ഒരു മാറ്റവും സംഭവിക്കുന്നില്ല
സൂര്യൻ ഉദിച്ചു അസ്തമിക്കുന്നു
കാറ്റു പൂമണം തേടി അലയുന്നു
പുഴകൾ പഴയ പാട്ട് തന്നെ പാടുന്നു
ഹേ മനുഷ്യ നീ പിന്നെ എന്തിനു അഹങ്കരിക്കുന്നു
ഒരു പൂവ് വാടിവീഴുന്നതും
ഒരില പഴുത്തു വീഴുന്നതും
നിന്റെ മരണവും ഒന്ന് തന്നെയാണ്
കർമബന്ധങ്ങളുടെ വേരറ്റു
മോഹമാം ഹരിതകം മാഞ്ഞു
നാം വെറുതെ ഈ മണ്ണിൽ
അലിഞ്ഞു ഇല്ലാതെയാവുകയല്ലേ???

ദേവി നീ



മഴയെറ്റു കുളിരുന്ന മണ്ണിന് മനസിലേക്ക് 
ഒരു വിത്ത് മുളപൊട്ടി വേരിറങ്ങുന്ന പോൽ 
പുലരിയുടെ ധ്യാനമായ് ഒരു മൊട്ടു 
സൂര്യ കിരണങ്ങളെറ്റു വിരിയുന്ന പോൽ
അറിയുമോ നീ എന്നിൽ മരിക്കുമീ
നിന്നെ മാത്രം മോഹിച്ച ചന്ദ്രനെ
ഹിമബിന്ദുവിൽ വെയിൽ മഴവില്ല് വിരിയിച്ച
പുലരിയുടെ സൗരഭം നിന്നിൽ തിളങ്ങുന്നു
കടലിന്റെ നെറുകയിൽ കണ്ണീരു തൂവുന്ന
സന്ധ്യയുടെ നൊമ്പരം നിന്നിൽ ലയിക്കുന്നു

ഒരു മുത്തശ്ശി കഥ




രാമായണം വായിച്ചിട്ട് മുത്തശ്ശി പറഞ്ഞു
എന്റെ പോന്നു മോൻ ശ്രീരാമ ചന്ദ്രൻ ആവണമെന്ന്
ഇന്നു ഞാൻ ശ്രീരാമ ചന്ദ്രൻ തന്നെ ആയി
വർഷങ്ങളുടെ വനവാസം,എന്റെ പ്രവാസം
പ്രിയപെട്ടവൾക്ക് വേണ്ടിയുള്ള പോരാട്ടം
ഒടുവിൽ അവളെ സംശയത്തിന്റെ പേരില്
സത്യം അറിയാതെ ഉപേക്ഷിച്ചിരിക്കുന്നു
ഇനിയൊന്നു മാത്രം ബാക്കി
സരയുവിന്റെ ആഴങ്ങളിൽ ഒരവസാന നിദ്ര 

Tuesday, March 25, 2014

പൊതുജനം കഴുത തന്നയോ?


നേതാക്കൾ സൌകര്യ പൂർവ്വം
ഇടത്തോട്ടും വലത്തോട്ടും ചായുന്നു
ലാഭം നോക്കി ആദർശം മറക്കുന്നു
അതിനു പിന്നാലെ ഓടാനും
അവർക്ക് ജയ്‌ വിളിക്കാനും ആയിരങ്ങൾ
പൊതുജനം കഴുത തന്നയോ? 

Monday, March 24, 2014

നാളേക്ക് വേണ്ടി




നാളെയ്ക്കു വേണ്ടി
നമ്മുടെ മക്കൾക്ക്‌ വേണ്ടി
നാം പണം കരുതി വെക്കുന്നു
വീട് നിർമിച്ചു വെക്കുന്നു
ഭൂമി വാങ്ങി വെക്കുന്നു
അവർക്ക് വേണ്ടി
ഒരു പുഴ നാം കരുതി വെക്കേണ്ടേ ?
ഒരു മരം നാം നട്ടു വളർത്തി വെക്കേണ്ടേ ?
ഒന്നുമില്ലെങ്കിൽ നാഗരികതയുടെ
ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാതെ
ഒരു മുത്തശ്ശി കഥ എങ്കിലും ???

Thursday, March 20, 2014

നീയും കാറ്റും



കാറ്റു സുഗന്ധ വാഹിനി ആയിരുന്നു
പാല പൂത്ത നിലാവുള്ള രാത്രികളിൽ
കാറ്റിനു നല്ല തണുപ്പായിരുന്നു
മകര മഞ്ഞു പടരുന്ന പുലരികളിൽ
കാറ്റിന് വല്ലാത്ത കുസൃതി ഉണ്ടായിരുന്നു
നിന്റെ മുടിയിഴകളിൽ തൊടുമ്പോൾ
എന്ന് പൂക്കൾ വാടി വീണു പ്രകൃതിക്ക്
തീ പിടിക്കുന്ന ഈ വേനലിൽ
കാറ്റിന് മരണത്തിന്റെ മണമാണ്
മനം മടുപ്പിക്കുന്ന ദുർഗന്ധം ആണ്
പ്രതികാരത്തിന്റെ താപമാണ് 

Friday, March 14, 2014

Intensive care unit(A corridor between life and death)



വാക്കുകൾ പോലും നഷ്ടപ്പെട്ട് പോകുന്ന നിമിഷം
എന്നിൽ നിന്നും എന്നെ കാലം അടര്ത്തിയെടുക്കുമ്പോൾ
അവസാന പിടച്ചിലിന് മുൻപേ
അവസാന നിശ്വാസത്തിനും മുൻപേ
ഒരു ചുംബനം തരാൻ
കാറ്റിനുപോലും കടന്നുവരനാവാത്ത
ഈ മുറിയിലാണല്ലോ എനിക്കാവസാനം 

Thursday, February 20, 2014

കാറ്റിന്റെ കൈ പിടിച്ചു.............

മഴ നനഞ്ഞ ചില്ലയിൽ നിന്നും ഒരു ഇല
കാറ്റിന്റെ കൈ പിടിച്ചു മരണത്തിലേക്ക്  നടന്നുപോയി..
ദളങ്ങൾ വാടിയ ഒരു നാലുമണി പൂവ്
കാറ്റിന്റെ കൈ പിടിച്ചു മരണത്തിലേക്ക്  നടന്നുപോയി..
അനായാസേന എനിക്കും പോകണം
കാറ്റിന്റെ കൈ പിടിച്ചു
നിഗൂഡതയുടെ അനന്തതകളിലേക്ക്