Wednesday, July 18, 2012

മഴ വീണ്ടും പൊഴിയുന്നു


കവിതയുടെ താളം മയങ്ങുന്ന മണ്ണില്‍
എന്റെ പ്രണയസങ്കല്‍പം ഉറങ്ങുന്ന മണ്ണില്‍
വളരെ നാളിന്റെ ഓര്‍മയും പേറി
ഞാന്‍ വ്രണിത ഹൃദയനായ് കാത്തിരിപ്പൂ
എന്റെ പ്രിയതമ നിന്നെയും ഓര്‍ത്തിരിപ്പൂ
എന്നും ഓര്‍ക്കുന്നു നിന്നെ ഞാന്‍
എന്റെ ഓര്‍മയെയും ധന്യമാക്കുന്നു നീ
തകര്‍ത്തു പെയ്തെന്റെ മനസിന്റെ ഭാരവും
എരിഞ്ഞ നോവും കഴുകി മാറ്റുന്നു നീ
നിന്‍ മണിനീര്‍ത്തുള്ളികള്‍ തൊട്ടും തലോടിയും
പിന്നെ ആകെ നനഞ്ഞും
തണുത്തു വിറച്ച്‌ നിന്നെ ശപിച്ചും
കടന്നു പോയതാണെന്റെ ബാല്യം
അന്നെന്റെ ആദ്യ പ്രണയത്തിന്‍ മധുരം
ഞാനും നീയും ചേര്‍ന്ന് പങ്കുവച്ചു
പിന്നെ എന്റെ മിഴിനീര്‍ തുള്ളിയും
ആരുമറിയാതെ നീയെടുത്തു
എന്റെ മനസിന്‌ കുളിരായ്
എന്‍ ഓര്‍മയ്ക്ക് നിറമായ്‌
തുള്ളി മധുരമായ് നീയണഞ്ഞു
നിന്റെ തരളമാം ഭാവവും മാഞ്ഞു പോയ്‌
നീ പൊഴിയുന്നു വിഷത്തിന്റെ ചൂരുമായ്
നീ വിതക്കുന്നു നാശത്തിന്റെ വിത്തുകള്‍
വയ്യെനിക്കിന്നു നിന്നെ കാണാന്‍
നിന്റെ പുതിയ ഭാവം കാണുവാന്‍
എന്റെ ഹൃദയത്തില്‍ നീയുണ്ട്
നിന്റെ മനോഹര ചിത്രങ്ങള്‍ ഉണ്ട്
പണ്ട് എന്നെയും എന്റെ പുസ്തകങ്ങളെയും
നനച്ച സായന്തനത്തിന്റെ കൂട്ടുകാരാ
ഓര്‍മകളില്‍ പോലും വിഷാദത്തിന്റെ
ബീജങ്ങള്‍ കലരുന്നോരീ രാവില്‍
മടങ്ങുന്നു ഞാന്‍ നിന്‍ ഓര്‍മകളിലേക്ക്
ഏകനായ് അനാഥനായ്‌
മരണം മണക്കുന്ന നരക തീരത്തേക്ക്

No comments:

Post a Comment