Sunday, July 22, 2012

കളഞ്ഞുപോയ സത്യങ്ങള്‍


എവിടെ കളഞ്ഞുപോയ് ഞാനെന്റെ
ഓര്‍മയിലെ നിറമാര്‍ന്ന കുഞ്ഞുകിനാക്കളല്ലാം
എവിടെ കളഞ്ഞുപോയ് ഞാനെന്റെ
നെഞ്ചിലെ വിടരാന്‍ കൊതിച്ച സ്വപ്നങ്ങളും
സ്വപ്നങ്ങളൊക്കെയും തുണിസഞ്ചിയില്‍ കെട്ടി
പഥികനായ് യാത്ര തുടരുമ്പോഴും
ഒരു പിന്‍വിളിക്കായ്  കൊതിച്ചിരുന്നെന്നും
വിടചൊല്ലി പിരിയുന്ന നേരത്തിലും
കാലം കല്പിച്ച കാനന വാസത്തില്‍
കണ്ണുനീര്‍ തുള്ളികള്‍ കൂട്ടുകാരായ്
പിന്നെ മുറിവേറ്റ നിന്നോര്‍മകള്‍
കവിതയ്ക്ക് നിറമാര്‍ന്ന സത്യങ്ങളായ്
എവിടെ കളഞ്ഞുപോയ് ഞാനെന്റെ
ഹൃദയത്തില്‍ സൂക്ഷിച്ച മഞ്ചാടി മണികളെല്ലാം
ഒരുമയില്‍ പീലിപോല്‍ ആരാരും കാണാതെ
സൂക്ഷിച്ച പ്രണയാര്‍ദ്രമം ചുംബനവും
തിരികെ പറന്നെന്റെ കൂടണയാന്‍
എന്നുമെന്‍ ഹൃദയം തുടിച്ചിടുന്നു
ഈ പുക ചുരുളുകള്‍ക്കുള്ളില്‍ ഞാന്‍
എന്നെ കാലത്തിനായി സമര്‍പ്പിക്കവേ
അകലെ പ്രതീക്ഷയുടെ  തിരിനാളമായ്‌
നീ എന്തിനോ വെറുതെ എരിഞ്ഞിടുന്നു
എവിടെ കളഞ്ഞുപോയ് ഞാനന്ന് പാടിയ
ഈരടികവിതയിലെ നാലക്ഷരം
ഹൃദയത്തിനെട്ടൊരു മുറിവുകളൊക്കെയും
കവിതയായ് മുന്നില്‍ പെയ്തൊഴിഞ്ഞു
നീ മാത്രമിന്നും മനസിന്റെ മാനത്ത്
പെയ്യാത്ത മേഘമായ് കാത്തുനില്‍പ്പൂ
ഞാനെന്ന വേഴാമ്പല്‍ ഹൃദയതന്ദ്രികള്‍  മീട്ടി
നഷ്ട സ്വപ്നത്തിന്റെ പാടു പാടി
എന്നിട്ടുമെന്തേ പെയ്തൊഴിയുന്നില്ല നീ
ചിരിമാഞ്ഞു പോയൊരെന്‍ കണ്ണുനീരായ്

1 comment: